യുഎഇയുടെ പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കാഴ്ചപ്പാടുകൾ രാഷ്ട്ര പിതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും നേതാവെന്ന നിലയിലും എപ്പോഴും പ്രചോദനം നല്‍കുന്നതാണ്. ഇക്കാലത്തിനിടയ്ക്ക് അദ്ദേഹം പങ്കുവെച്ച വാക്കുകളിലൂടെ സഞ്ചരിച്ചാല്‍ അക്കാര്യം വ്യക്തമാകും. രാജ്യത്തിന്റെ പൈത്യകവും പൂര്‍വ്വികരുടെ ദര്‍ശനങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുക, സമാധാനം പ്രോത്സാഹിപ്പിക്കുക, ലക്ഷ്യങ്ങൾ ഉയർത്തുകയെന്നാണ് ശൈഖ് മുഹമ്മദിന്‍റെ പ്രചോദനാത്മകമായ വാക്കുകൾ.
യുവാക്കളാണ് രാജ്യത്തിന്‍റെ യഥാർത്ഥ സമ്പത്തെന്നാണ് ശൈഖ് മുഹമ്മദിന്‍റെ പ്രധാന കാഴ്ചപ്പാട്. മൂന്ന് ദശലക്ഷം ബാരൽ എണ്ണയിലല്ല രാജ്യത്തിന്‍റെ സമ്പത്ത് നിലനില്‍ക്കുന്നത്. യുവാക്കൾക്ക് അവരുടെ പിതാക്കന്‍മാരേക്കാളും മുത്തച്ഛന്‍മാരേക്കാളും മികച്ചവരാകാന്‍ കഴിയുമെന്നാണ് ശൈഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാട്. രാജ്യത്തിന്റെ വർത്തമാനവും ഭാവിയും സൃഷ്ടിക്കാനുള്ള യുവാക്കളുടെ കഴിവുകളിലാണ് വിശ്വാസം. രാഷ്ട്രത്തിന്റെ പതാക ഏറ്റെടുക്കാനും പരമോന്നതത്തിലേക്ക് കൊണ്ടുപോകാനും അവരെ യോഗ്യരാക്കാനും പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമാണ് യുഎഇ നേതൃത്വം എപ്പോഴും ലക്ഷ്യമിടുന്നത്.
പുതിയ തലമുറയ്ക്ക് അറിവും ശാസ്ത്രവും ഉറപ്പാക്കണം. അങ്ങനെയാണ് യുവാക്കൾക്ക് ലോകത്തിന്റെ മുന്നിൽ മത്സരാധിഷ്ഠിത നേട്ടത്തെ പ്രതിനിധീകരിക്കാൻ അവസരമൊരുങ്ങുക. പുതിയ തലമുറയുടെ അറിവും പഠിക്കുന്ന സാങ്കേതികവിദ്യയും ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
മനുഷ്യനെ കെട്ടിപ്പടുക്കുന്ന പ്രക്രിയ അന്വര്‍ത്ഥമാകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതവും സുസ്ഥിരവുമായ രാജ്യം സൃഷ്ടിക്കപ്പെടുമ്പോഴാണ്. പരിഷ്കൃതവും വികസിതവുമായ രാഷ്ട്രം കൈവരിക്കാൻ ആഗ്രഹിക്കുന്ന സുസ്ഥിര വികസനത്തിന് സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നും എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഓർഗനൈസേഷനുകളിൽ നിന്നും യോജിച്ച പരിശ്രമമാണ് ആവശ്യം.
സാമൂഹിക വികസനം കൈവരിക്കുക എന്നതാണ് രാജ്യത്തിന്‍റെ പൊതുനയം. ശാസ്തീയ അപഗ്രഥനവും വിദ്യാഭ്യാസ മേഖലയിലെ കൃത്യമായ ഇടപെടലുകളും ശരിയായ ദിശയിലേക്ക് വ്യക്തമായ കാഴ്ചപ്പാടുമാണ് ഭരണ നേതൃത്വത്തിന് ഉണ്ടാവേണ്ടതെന്നാണ് ശൈഖ് മുഹമ്മദിന്റെ നിരീക്ഷണം.
പുതിയ തലമുറയ്ക്ക് ശരിയായ പൈതൃകം ഉറപ്പുക്കുക മാത്രമല്ല, പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പുതിയ ഊര്‍ജ്ജ സ്ത്രോതസ്സുകൾ കണ്ടെത്തുന്നതും ഓരോരുത്തരുടേയും കടമയാണ്. ഊര്‍ജത്തിന്‍റെ ബദല്‍ ശ്രോതസ്സുകൾ കണ്ടെത്തുക വെല്ലുവിളിയാണ്. ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ അതേ നേടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കുന്നു.
യുഎഇ ഇരുണ്ട ഭൂമിയെ പ്രകാശിപ്പിക്കുന്ന ഒരു പ്രകാശം പോലെയാണെന്ന് വിശ്വസിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പിന്തുണയ്ക്കുന്നതിലും മെച്ചപ്പെട്ട ഭാവി ഒരുക്കാനും പ്രതിജ്ഞാ ബന്ധമാണ്. എല്ലാക്കാലത്തും യുഎഇ തുടര്‍ന്നുവന്ന മാനുഷികതയുടേയും ദാനധര്‍മ്മങ്ങളുടേയും പാത തുടരുമെന്നുമാണ് ശൈഖ് മുഹമ്മദിന്‍റെ നിലപാട്.
രാജ്യത്തിന്‍റെ പ്രശസ്തി നിലനിര്‍ത്തുന്നതില്‍ എല്ലാവരുടേയും പങ്ക് പ്രധാനമാണ്. സമ്പത്തിലും പ്രശസ്തിയിലും അഹങ്കരിക്കരുത്. ഓരോ പൗരനും ലോകത്തിന് മുന്നില്‍ യുഎഇയെ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്‍റെ അംബാസിഡര്‍മാരാണ്. ശരിയായ കാഴ്ചപ്പാടോടെ മുന്നോട്ടു പോവുകയാണെങ്കില്‍ വെല്ലുവിളികളെ അവസരമാക്കാന്‍ കഴിയും. കാത്തിരുക്കയല്ല നാം വേഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്.