ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയവുമായി സൗദി കമ്പനി. മിലാഫ് കോള എന്ന് പേരിട്ടിരിക്കുന്ന പാനീയം സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീനയാണ് പുറത്തിറിക്കിയത്. സാധാരണ കോള പാനീയങ്ങളേക്കാൾ ആരോഗ്യകരമായ ബദലാണ് പുതിയ പാനീയമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
സാധാരണ കോൺ സിറപ്പിൽ നിന്നോ കരിമ്പ് പഞ്ചസാരയിൽ നിന്നോ ആണ് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാൽ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങളില്‍ ഒന്നായ ഈന്തപ്പഴത്തിൽ നിന്നാണ് മിലാഫ് കോള നിര്‍മ്മിച്ചത്.താമസിയാതെ പ്രാദേശിക, അന്തർദേശീയ വിപണികളിൽ മിലാഫ് കോള അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് അൽ മദീന.
വിവിധതരം പലഹാരങ്ങൾക്കും പാനീയങ്ങൾക്കും പ്രകൃതിദത്തമായ മധുരം ചേര്‍ക്കുന്നതിന് ഈന്തപ്പഴം സാധാരണയായി ഉപയോഗിക്കാറുണ്ട്. ഫൈബറുകളും മിനറലുകളും ധാരാളമുളള പഴവര്‍ഗമാണ് ഈന്തപ്പഴം. പ്രാദേശിക ലഭ്യത അനുസരിച്ച് ഈന്തപ്പഴത്തിൻ്റെ ഡിമാൻ്റ് ഉയർത്തുന്നതാണ് പുതിയ പാനീയമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
നിലവിൽ കോള വിപണയില്‍ ആധിപത്യം പുലര്‍ത്തുന്നത് കൊക്ക കോളയും പെപ്‌സിയുമാണ്. അതേസമയം മായങ്ങളില്ലാതെ നിര്‍മ്മിക്കുന്ന ഈന്തപ്പഴപാനീയം പരമ്പരാഗത പഞ്ചസാര സോഡകൾക്കുള്ള ബദലാവുമെന്നാണ് നിഗമനം.