ലോകത്തിലെ ഏറ്റവും മികച്ച നഴ്‌സിനുളള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് ആദ്യമായി അർഹയായത് കെനിയൻ സ്വദേശി അന്ന ഖബാലെ ദുബ. ആഗോളതലത്തിൽ നഴ്‌സസ് ദിന ആഘോഷിക്കുന്ന മെയ് 12-നാണ് അന്ന ഖബാലെയെ തേടി അഭിമാനകരമായ നേട്ടം എത്തിയത്. അന്നയ്ക്ക് 2,50,000 ഡോളര്‍ പാരിതോഷികവും ലഭിച്ചു.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്‌സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻസിന്റെയും ഗ്രൂപ്പിന്റെയും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും ദുബായ് വേൾഡ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിൽ നിന്ന് അന്ന ഖബാലെ ദുബ അവാർഡ് ഏറ്റുവാങ്ങി.
കെനിയയിലെ ഖബാലെ ദുബ ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ് അന്ന ഖബാലെ ദുബ. വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനൊപ്പം സമാധാനം സ്ഥാപിക്കൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസം, നിർബന്ധിത വിവാഹം തുടങ്ങി സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരേ പോരാടുന്ന വ്യക്തികൂടിയാണ്.
തന്റെ ഗ്രാമത്തിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ സ്ത്രീയാണ് അന്ന ഖബാലെ ദുബ. തന്‍റെ ഗ്രാമത്തില്‍ കുട്ടികൾക്കും മുതിർന്നവർക്കും സേവനം നൽകുന്ന ഒരു സ്കൂളും അന്നയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്ന മുൻ മിസ് കെനിയ പീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കൂടിയാണ്. 2020-ൽ ഏറ്റവും സ്വാധീനമുള്ള 100 യുവ ആഫ്രിക്കന്‍ വനിതകളില്‍ ഒരാളായും അന്ന ശ്രദ്ധേയയായിരുന്നു. ദുബായ് പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ഹോട്ടലിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.