സൗദി സ്പോർട്സ് ക്ലബ്ബിന്റെ പ്രഥമ വനിത അധ്യക്ഷയായി ചരിത്രത്തിലിടം നേടി ഹനാൻ. തായിഫിലെ വജ് സ്പോർട്സ് ക്ലബ്ബ് അധ്യക്ഷ പദവിയിലാണ് സൗദി പൗരയായ ഹനാൻ അൽ ഖുറശിയെ സ്പോർട്സ് മന്ത്രാലയം തിരഞ്ഞെടുത്തത്. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിങ് പ്രസിഡന്റ് ആയി ഹനാൻ അൽ ഖുറശിയെ മന്ത്രാലയം നിയമിച്ചത്.
2021-ലാണ് ഹനാൻ ആദ്യമായി വജ് ക്ലബ്ബ് ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം നൽകിയത്. അന്ന് ഹനാന് 100 വോട്ടുകളാണ് നേടാൻ സാധിച്ചത്. തുടർന്ന് കഴിഞ്ഞ വർഷമാണ് ഹനാൻ വജ് ക്ലബ്ബ് വൈസ് പ്രസിഡന്റായി നിയമിക്കപ്പെടുന്നത്.
സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള തായിഫിലെ വജ് ക്ലബ്ബ് 1396-ലാണ് സ്ഥാപിതമായത്. 2017 സീസണിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾക്കുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലീഗിൽ വജ് ക്ലബ്ബ് പങ്കെടുത്തിരുന്നു. തുടക്കത്തിൽ ക്ലബ്ബ് തേഡ് ഡിവിഷൻ ക്ലബ്ബുകളുടെ ഗണത്തിലായിരുന്നുവെങ്കിലും പിന്നീട് സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും തുടർന്ന് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും ഉയർത്തപ്പെടുകയായിരുന്നു.