അബുദാബിയിലെ ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്റീൻ സൗകര്യം ആരംഭിച്ചു. മൃഗങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും കന്നുകാലി ഇറക്കുമതി ശക്തമാക്കാനും പുനർകയറ്റുമതി വർധിപ്പിക്കുന്നതിനുമായാണ് വെറ്ററിനറി ക്വാറന്റീൻ കേന്ദ്രം ആരംഭിച്ചത്.
ഏകദേശം 32,700 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് ഈ വെറ്ററിനറി ക്വാറന്റീൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. വർഷത്തിൽ 10 ലക്ഷം കന്നുകാലികളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള കേന്ദ്രത്തിലൂടെ എമിറേറ്റിലെ ബയോസെക്യൂരിറ്റി, ഫുഡ് സെക്യൂരിറ്റി സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
ഭക്ഷ്യ സുരക്ഷയിൽ ആഗോള നേതൃത്വം കൈവരിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം. പുതിയ സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളിൽ രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കുന്നതിനും അവയുടെ രാജ്യത്തേക്കുള്ള പ്രവേശനം തടയുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.