വിദേശികൾക്ക് ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുളള വെര്‍ച്വല്‍ വിസ സംവിധാനവുമായി യുഎഇ. സ്വന്തം സ്പോണ്‍സര്‍ഷിപ്പിലാണ് വിസ അനുവദിക്കുക. വിസയ്ക്കായി അനുബന്ധ അധിക ചിലവുകൾ ഇല്ലാത്തതും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
ചെറുകിട സംരഭകര്‍, ഇടത്തര സംരഭകര്‍, വ്യവസായ രംഗത്തെ തുടക്കക്കാര്‍ തുടങ്ങി സാധാരണ വിഭാഗങ്ങളെ ഉദ്ദേശിച്ചാണ് വെര്‍ച്വല്‍ വിസ ഏര്‍പ്പെടുത്തുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴില്‍ നൈപുണ്യമുളളവരെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കുന്നു. വര്‍ക്കം ഫ്രം ഹോമിന് അവസരമൊരുക്കുന്നതാണ് പദ്ധതി.
വിസ ലഭിക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളേയും യുഎഇയിലേക്ക് കൊണ്ടുവരാന്‍ കഴിയും. ആറുമാസം കാലാവധിയുളള പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പും ദുബായിലെ ഇന്‍ഷുറന്‍സ് കമ്പനികൾ നല്‍കുന്ന ഒരുവര്‍ഷത്തെ ആരോഗ്യ ഇന്‍ഷുറന്‍സുമാണ് പ്രധാനമായും ഹാജരാക്കേണ്ട രേഖകൾ.
തൊഴില്‍ പരിചയമുളളവര്‍ രേഖകൾ ഹാജരാക്കണം. തൊഴില്‍ കരാറുകളും ഹാജരാക്കാം. മൂന്ന് മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളും ആവശ്യമാണ്. അതേസമയം അവസാന മാസത്തെ ശമ്പളം 5000 അമേരിക്കന്‍ ഡോളറിന് താഴെയാകരുതെന്നും നിബന്ധനയുണ്ട്. കമ്പനി ഉടമസ്ഥാവകാശ രേഖകൾ ഉളളവര്‍ക്കും വിസ ലഭ്യമാകുമെന്നാണ് അറിയിപ്പ്.