പ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള നടപടികളുമായി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി സൗദി യുഎസ്സില്‍ നിന്ന് അത്യാധുനിക പാട്രിയറ്റ് മിസൈലുകള്‍ വാങ്ങുന്നു. മുന്നൂറ് കോടി ഡോളര്‍ ചെലവില്‍ മുന്നൂറ് പാട്രിയറ്റ് മിസൈലുകളാണ് സൗദി സ്വന്തമാക്കുക. ഇത് സംബന്ധിച്ച കരാറിന് യുഎസ് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കി.
പരീക്ഷണ സാമഗ്രികളും ഇതര ഉപകരണങ്ങളും ഉള്‍പ്പെടുന്നതാണ് സൗദിയുമായുള്ള പുതിയ കരാറെന്നും യുഎസ് വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കുമായി പങ്കാളികളുടെ സുരക്ഷ ശക്തിപ്പെടുത്തുകയാണ് കരാറിന്‍റെ ലക്ഷ്യമെന്നും യുഎസ് വിശദീകരിച്ചു. സൗദിയ്ക്ക് ആയുധങ്ങള്‍ നല്‍കില്ലെന്ന നിലപാട് തിരുത്തിയാണ് അമേരിക്കന്‍ നീക്കം. ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തോടെയാണ് വിട്ടുവീഴ്ചയ്ക്ക് അമേരിക്ക തയ്യാറായത്.
യമനിലെ ഹൂതികള്‍ നടത്തുന്ന ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ നേരിടാന്‍ പുതിയ മിസൈല്‍ സംവിധാനം സൗദിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക -സൗദി സംയുക്ത സൈനിക പരിശീലനങ്ങളും അനുബന്ധമായി സംഘടിപ്പിക്കും. അടുത്ത വര്‍ഷം മെയ്- ജൂണ്‍ മാസങ്ങളിലാണ് പരിശീലന പരിപാടി.
യുഎഇയ്ക്കും ആയുധങ്ങൾ
യുഎഇക്ക് ആയുധങ്ങള്‍ നല്‍കുന്ന പദ്ധക്കും വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയെന്ന് യുഎസ് വ്യക്തമാക്കി. 225 കോടി ഡോളര്‍ ചെലവില്‍ താഡ് മിസൈല്‍ സംവിധാനമാണ് യുഎഇക്ക് ലഭ്യമാക്കുക. 96 ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫെന്‍സ് മിസൈലുകളും യുഎഇക്ക് ലഭിക്കും.
രണ്ട് താഡ് ലോഞ്ച് കണ്‍ട്രോള്‍ സ്‌റ്റേഷനുകളും രണ്ട് താഡ് ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് സ്റ്റേഷനുകളും കരാറിന്‍റെ ഭാഗമായുണ്ട്. എന്നാല്‍ ഇവ കൈമാറുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പറത്തുവിട്ടിട്ടില്ല.