അബുദാബിയിൽ അനുമതിയില്ലാതെ കെട്ടിടത്തിന്റെ രൂപമാറ്റം വരുത്തുന്നതും കൂടുതൽ ആളുകളെ താമസിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് അബുദാബി നഗരസഭ മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി അബുദാബിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് നഗരസഭ.
പ്രവാസികൾക്കിടയിൽ നിയമലംഘനം വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. താമസ സ്ഥലം മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കുക, പൊതുഭവനങ്ങൾ വാടകയ്ക്ക് നൽകുക, പൊളിക്കാനിട്ട കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്ക് നൽകുക, കുടുംബങ്ങൾക്കുള്ള താമസ സ്ഥലം ബാച്ചിലേഴ്സിന് നൽകുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 50,000 മുതൽ 1,00,000 ദിർഹം വരെയാണ് പിഴ ഈടാക്കുക. വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാലും കൃഷിക്കായി അനുവദിച്ചിരിക്കുന്ന സ്ഥലത്ത് താമസിച്ചാലും 25,000 മുതൽ 50,000 ദിർഹം വരെയും പിഴ ചുമത്തും.
നഗരസഭയുടെ അംഗീകാരത്തോടെ നിർമ്മിച്ച കെട്ടിടത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ചെയ്യുന്നതിന് മുൻപ് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നിർബന്ധമായും അനുമതി എടിത്തിരിക്കണം. വില്ലകൾ രൂപമാറ്റം വരുത്തി വ്യത്യസ്ത കുടുംബങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതും ഫ്ലാറ്റിൽ രക്തബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമവിരുദ്ധമാണ്. വാടകയ്ക്ക് എടുത്ത കെട്ടിടം ഉടമ അറിയാതെ മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.