അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് ആദരാഞ്ജലികൾ അർപ്പിക്കാനൊരുങ്ങി ഐക്യരാഷ്ട്ര പൊതുസഭ. ശൈഖ് ഖലീഫയോടുളള ആദരസൂചകമായി യുഎൻ ജനറൽ അസംബ്ലി അംഗങ്ങളും സ്ഥിരം പ്രതിനിധികളും രാവിലെ 9 മണിക്ക് ജനറൽ അസംബ്ലി ഹാളിൽ നടക്കുന്ന ചടങ്ങില്‍ ഒരു മിനിറ്റ് മൗനം ആചരിക്കും. കൂടാതെ ന്യൂയോർക്കിലെ ആസ്ഥാനത്ത് യുഎൻ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും വ്യക്തമാക്കി.
യു.എ.ഇ സർക്കാരിനോടും ജനങ്ങളോടും അനുശോചനവും സഹതാപവും പ്രകടിപ്പിച്ചാണ് അനുശോചനം. അംഗരാജ്യങ്ങളും യുഎൻ ജനറൽ അസംബ്ലിയിലെ അഞ്ച് പ്രാദേശിക ഗ്രൂപ്പുകളുടെ തലവന്മാരും യുഎസ് സ്ഥിരം പ്രതിനിധിയും അനുശോചനം രേഖപ്പെടുത്തും. ശൈഖ് ഖലീഫയുടെ ഭരണ നേട്ടങ്ങളെപ്പറ്റിയും ഇടപെടലുകളെപ്പറ്റിയും അനുസ്മരണവും ഉണ്ടാകും.
ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ അൽ നഹ്യാൻ കുടുംബത്തിനും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സർക്കാരിനും ജനങ്ങൾക്കും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഗാധമായ അനുശോചനം രേഖപ്പെടുത്തി.