ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ട് യുഎഇയിലെ മുതിർന്ന പൗരന്മാർ. 2024ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് സന്തോഷത്തിന്റെ കാര്യത്തിൽ യുഎഇ ലോകത്ത് 22-ാം സ്ഥാനത്താണ്. രാജ്യത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി യുഎഇയിലെ നേതാക്കൾ നേരിട്ടെത്തി അവരുമായി കൂടിക്കാഴ്ചകൾ നടത്തുകയും സുഖസൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്യാറുണ്ട്.
മുതിർന്ന പൗരന്മാർക്ക് രാജ്യത്ത് ഒരുക്കിനൽകുന്ന ക്ഷേമപ്രവർത്തനങ്ങൾ തന്നെയാണ് അവരെ സന്തോഷവാന്മാരാക്കുന്നത്. മുതിർന്ന പൗരന്മാർക്കായി സമഗ്രമായ പരിചരണ സംവിധാനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, സംരക്ഷണ പരിപാടികൾ എന്നിവ നൽകുന്നതിനായി 2018-ൽ രാജ്യം ദേശീയ നയം ആരംഭിച്ചിരുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രായമായവർക്കുള്ള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക മെഡിക്കൽ സൗകര്യങ്ങളും നൽകിവരുന്നുണ്ട്. കൂടാതെ എമിറേറ്റ്‌സ് ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ വഴി ദൂര പ്രദേശങ്ങളിലുള്ളവർക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ ക്ലിനിക്കുകളും ആരംഭിച്ചു.
മുതിർന്ന എമിറാത്തികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനും ആവശ്യമായ സഹായം നൽകുന്നതിനുമായി ആരോഗ്യ മേഖലയിലെ വിദഗ്ധർ വീടുകൾ സന്ദർശിക്കുകയും ദന്ത പരിചരണം മുതൽ മെഡിക്കൽ ലബോറട്ടറി സേവനങ്ങളും ഫിസിയോതെറാപ്പിയും വരെ ചെയ്തുനൽകുന്നുമുണ്ട്. കൂടാതെ യുഎഇ സർക്കാർ മുതിർന്ന പൗരന്മാർക്കായി വിവിധ സാമ്പത്തിക സഹായങ്ങളും അനുവദിക്കുന്നുണ്ട്.
കൂടാതെ മുതിർന്നവർക്കായി വിവിധ എമിറേറ്റുകളിൽ ഗതാഗത വകുപ്പ് സൗജന്യ ടാക്സി കാർഡുകളും സൗജന്യ പാർക്കിങും അനുവദിച്ചിട്ടുണ്ട്. ഇതുവഴി പൊതുഗതാഗത സംവിധാനങ്ങളിൽ അവർക്ക് ജീവിതകാലം മുഴുവൻ സൗജന്യമായി യാത്ര ചെയ്യാനും സാധിക്കും.