ലോകാത്ഭുതമായ താജ് മഹൽ എല്ലാവർക്കും ഒരു കൗതുകമാണ്. ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ നിർമ്മിതിയായ താജ് മഹൽ ഇന്ത്യൻ-പേർഷ്യൻ-ഇസ്ലാമിക ശൈലികൾ സമുന്വയിപ്പിച്ച മുഗൾ വാസ്തുവിദ്യയുടെ കരവിരുതാണ്. ഇതിനോട് കിടപിടിക്കാൻ ഇനിയൊരു കെട്ടിടത്തിനും സാധിക്കില്ലെന്നത് വാസ്തവമെങ്കിലും ലോകത്തിന് മുന്നിൽ മറ്റൊരു അത്ഭുത നിർമ്മിതിയാകാൻ ഒരുങ്ങുകയാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശാന്തിയുടെയും ഒരുമയുടെയും സ്നേഹത്തിന്റെയും പ്രതീകമായി നിർമ്മിക്കുന്ന ക്ഷേത്രം ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. 2019 ഡിസംബറിലാണ് യുഎഇയുടെ തലസ്ഥാനത്ത് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ പ്രഥമ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണം ആരംഭിച്ചത്. ആരെയും ആകർഷിക്കുന്ന ദൃശ്യചാരുതയിൽ പൂർത്തിയാക്കപ്പെടുന്ന ക്ഷേത്രം യുഎഇയിലെ എമിറേറ്റിനെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങളോടെയാണ് നിർമ്മിക്കുന്നത്.
27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. രണ്ടായിരത്തോളം ശില്പികളുടെ കരവിരുതിൽ വിരിഞ്ഞ സൗധം. രാജസ്ഥാൻ ശിലകളിൽ കൈകൊണ്ട് കൊത്തിയ നിർമ്മിതികൾ. ഇന്ത്യയുടെ പുരാണ ഇതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും ഹൈന്ദവ ഗ്രന്ഥങ്ങളിലെയും കഥാപാത്രങ്ങളുടെയും ദേവ-ദേവതമാരുടെയുമെല്ലാം ജീവൻതുടിക്കുന്ന വിഗ്രഹങ്ങളാണ് ക്ഷേത്ര ഭിത്തികളിൽ കൊത്തിവെച്ചിരിക്കുന്നത്. വശ്യമനോഹാരിതയിൽ തിളങ്ങുന്ന ശിലകൾ ആദ്യകാഴ്ചയിൽ തന്നെ ആരുടെയും മനം കവരുന്നവയുമാണ്.
കരകൗശല വിദഗ്‌ധരുടെ മികവ് തെളിയിക്കുന്ന ക്ഷേത്രത്തിലെ ത്രിവേണി സംഗമം, ഗൗമുഖ് മണികൾ, വിശാലമായ ഹാൾ, ഫുഡ് കോർട്ട്, പാർക്കിങ് ഏരിയ എന്നിവയും ശ്രദ്ധേയമാണ്. ഐതിഹാസിക ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ചെറിയ മിനുക്കുപണികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അതുകൂടി പൂർത്തിയാകുന്നതോടെ ഒരു വെണ്ണക്കൽ സൗധം തന്നെയാകും ബാപ്സ് ഹിന്ദു മന്ദിർ. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ തെളിവായി എക്കാലവും മന്ദിർ തലയുയർത്തി നിൽക്കും. ലോകം ഉറ്റുനോക്കുന്ന അബുദാബിയിലെ പ്രഥമ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ഇനി ദിവസങ്ങൾ മാത്രം…