യുഎഇയുടെ ദേശീയ മ്യൂസിയമായ സായിദ് നാഷണൽ മ്യൂസിയത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്കടുത്തു. നിലവിൽ 85 ശതമാനത്തോളം നിർമ്മാണ പ്രവൃത്തി പൂർത്തിയായ മ്യൂസിയം അടുത്ത വർഷം അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ വീക്ഷണങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കി നിർമ്മിക്കുന്നതാണ് സായിദ് നാഷണൽ മ്യൂസിയം. ഷെയ്ഖ് സായിദിൻ്റെ ജനനം മുതൽ മരണം വരെയുള്ള മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന മ്യൂസിയത്തിൽ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർമ്മാണ പുരോഗതി വിലയിരുത്തി.