ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്. വിഖ്യാതമായ പ്രിക്‌സ് വേർസെയിൽസ് വേൾഡ് ആർകിടെക്‌ചർ ആന്റ് ഡിസൈൻ അവാർഡാണ് വിമാനത്താവളത്തിന് ലഭിച്ചത്.
സായിദ് വിമാനത്താവളത്തിൻ്റെ ഒന്നാം വാർഷികത്തിന്റെയും 53-ാം ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെയും ഭാഗമായി പാരിസിൽ യുനെസ്കോയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം. വിമാനത്താവളത്തിൻ്റെ മികച്ച വാസ്തുവിദ്യാ രൂപകൽപനയാണ് അംഗീകാരം നേടിക്കൊടുത്തത്. 7,42,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിന് വേറിട്ട എക്സ്-ആകൃതിയിലുള്ള രൂപകൽപനയാണ്.
മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി ഇതിനുണ്ട്. 2025-നകം ലോകത്തിലെ ആദ്യത്തെ ഒൻപത് ബയോമെട്രിക് ടച്ച്പോയിന്റുകൾക്ക് തുടക്കമിട്ടുകൊണ്ട് പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ഒരുങ്ങുകയാണ് സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്.