ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള വസ്തുക്കൾ നൽകുന്ന പദ്ധതിയാണ് ആരംഭിച്ചത്.
ശൈത്യകാല വസ്ത്രങ്ങൾ, ആരോഗ്യസംരക്ഷണ വസ്‌തുക്കൾ, ഭക്ഷണം, താമസയിടം ചൂടാക്കാനുള്ള ഉപകരണങ്ങൾ, പുതപ്പുകൾ, കുട്ടികൾക്കുള്ള സാധനങ്ങൾ, മറ്റ് പാർപ്പിട സാമഗ്രികൾ എന്നിവയെല്ലാമാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. എല്ലാ വർഷവും ശൈത്യകാലത്ത് ഇത്തരം പ്രവൃത്തികൾ നടത്തിവരാറുണ്ട്.
ശൈത്യകാലത്ത് അഭയാർത്ഥികളായ കുട്ടികൾക്കും പ്രായമായവർക്കും പിന്തുണ നൽകുകയാണ് ശീലകാലപദ്ധതിയുടെ ലക്ഷ്യം. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ (ഇആർസി) നേതൃത്വത്തിലാണ് സഹായ കാമ്പയിൻ നടത്തുന്നത്. ലോകമെമ്പാടുമുള്ള 2,50,000 പേർക്ക് പദ്ധതിയുടെ ഭാഗമായി സഹായമെത്തിക്കുന്നതായി ഇ.ആർ.സി സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരി പറഞ്ഞു.