ജൂൺ അവസാനിക്കുന്നതോടെ യുഎഇയിലെ തൊഴിൽ മേഖലയിൽ രണ്ട് നിയമങ്ങൾ സംബന്ധിച്ച പരിശോധനകൾ ശക്തമാകും.അർദ്ധ വാർഷിക അടിസ്ഥാനത്തിനുളള സ്വദേശിവത്കരണം സംബന്ധിച്ച പരിശോധകളും നിർബന്ധിത തൊഴിൽ രഹിത ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ അംഗമായത് സംബന്ധിച്ച പരിശോധനകളുമാണ് ശക്തമാവുക.
സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 42,000 ദിർഹം പിഴ ചുമത്തുമെന്ന് സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വദേശികളെ നിയമിക്കേണ്ട നിശ്ചിത ദിവസം കഴിഞ്ഞ് 24 ദിവസം പിന്നിട്ടാൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. കമ്പനികൾ വാർഷിക അടിസ്ഥാനത്തിൽ ജീവനക്കാരുടെ രണ്ട് ശതമാനവും അർധവാർഷിക അടിസ്ഥാനത്തിൽ മൊത്തം തൊഴിലാളികളുടെ ഒരു ശതമാനവും പുതിയ സ്വദേശി നിയമനം നടത്തണമെന്നാണ് നിർദ്ദേശമുളളത്.
കൂടുതൽ സ്വദേശികളെ നിയമിക്കേണ്ട കമ്പനി വീഴ്ച വരുത്തിയാൽ പിഴത്തുക ഉയരുമെന്നും മന്ത്രാലയം വ്യക്തമാക്കി.ഓരോ വർഷവും രണ്ട് ശതമാനം വീതം സ്വദേശികളെ നിയമിക്കണമെന്നാണ് ഉത്തരവുളളത്. തൊഴിലന്വേഷകരെ സഹായിക്കാൻ ഒഴിവുകൾ ‘നാഫിസ്’ വഴി പരസ്യപ്പെടുത്തുകയും വേണം. നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്ന 13,000 സ്ഥാപനങ്ങൾ യുഎഇയിലുണ്ടെന്നാണ് മന്ത്രാലയത്തിൻ്റെ കണക്ക്. ഈ സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തും. പരിശോധനയ്ക്ക് പ്രത്യേക ഓൺലൈൻ സംവിധാനവും നിലവിലുണ്ട്.
നിർബന്ധിത തൊഴിൽ രഹിത ഇൻഷുറൻസിൻ്റെ ഭാഗമാകാൻ ജൂൺ അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. അംഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴയായി ഈടാക്കുക. 15000 ദിർഹത്തിൽ കുറഞ്ഞ ശമ്പളമുളള തൊഴിലാളിക്ക് വർഷം 60 ദിർഹവും കൂടുതൽ ശമ്പളമുളള തൊഴിലാളിക്ക് 120 ദിർഹവുമാണ് പ്രീമിയം അടയ്ക്കേണ്ടിവരിക.