യുഎഇയിലെ വിസിറ്റ് വിസ നിയമങ്ങൾ കർശനമാക്കിയതിന് പിന്നാലെ പരിശോധനകളും നടപടികളും കർശനമാക്കുന്നു. വിസ കാലാവധി കഴിഞ്ഞും അനധികൃതമായി താമസിക്കുന്നവരെ ബ്ലാക്ക്ലിസ്റ്റിൽ പെടുത്താൻ സാധ്യതയുണ്ടെന്നും ഒളിച്ചോടിയതായി കുറ്റം ചുമത്താമെന്നും ഏജൻ്റുമാർ മുന്നറിയിപ്പ് നൽകുന്നു.
സന്ദർശക വിസയിലുള്ളവരും വിനോദസഞ്ചാരികളഉം ഒരു ദിവസം പോലും അധികമായി തങ്ങരുതെന്നാണ് അധികൃതുടെ നിർദ്ദേശം. ബ്ലാക്ക്ലിസ്റ്റിൽ പെടുന്നവരെ യുഎഇയ്ക്ക് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിലും പ്രവേശിക്കുന്നത് വിലക്കുമെന്ന് ചില ട്രാവൽ ഏജൻ്റുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
വിസ കാലഹരണപ്പെട്ട സന്ദർശകർ ആവശ്യമായ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം രാജ്യം വിടണമെന്ന നിർദ്ദേശവും ട്രാവൽ ഏജൻ്റുമാർ നൽകുന്നു. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർ വിസ പ്രോസസ് ചെയ്ത ഏജൻ്റുമായി ബന്ധപ്പെട്ട് പിഴ നടപടികൾ പൂർത്തിയാക്കണം. പിന്നീട് രാജ്യത്തിന് പുറത്തെത്താൻ ഔട്ട്പാസും സംഘടിപ്പിക്കേണ്ടതുണ്ട്.
ഒളിച്ചോട്ട പട്ടികയിൽ ഉൾപ്പെട്ടാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി പൊലീസിന് അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കാനാകും.സന്ദർശകർക്ക് വിമാനത്താവളത്തിൽ വിസ സ്റ്റാറ്റസ് സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ നാടുകടത്താനുമാകും. ഓരോ സന്ദർശകരും അവരുടെ സ്പോൺസറുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നാണ് നിർദ്ദേശം.