സുസ്ഥിര ഭാവി ലക്ഷ്യമിട്ടാണ് ദുബായ് പൊതുഗതാഗത രംഗം പ്രവർത്തിക്കുന്നതെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മേധാവി മത്തർ അൽ തായർ. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നാലു ദിവസത്തെ പൊതുഗതാഗത ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത ചിന്താഗതിയുള്ള നഗര ആസൂത്രണത്തിന് പ്രചോദനമേകി ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് (യുഐടിപി) നടത്തുന്ന ആദ്യ ഉച്ചകോടിയാണിത് .
2050 ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യമിട്ടാണ് ദുബായ് ആർടിഎ പ്രവർത്തിക്കുന്നതെന്നും മത്തർ അൽ തായർ വ്യക്തമാക്കി.2026 ലെ ഉച്ചകോടിയുടെ ദുബായിൽ നടക്കുമെന്നും പ്രഖ്യാപിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനും ബാഴ്ലോണ ഉച്ചകോടി ആഹ്വാനം ചെയ്തു.
ഈ വർഷം ദുബായിൽ ഡ്രൈവറില്ലാ ടാക്‌സി സർവീസ് ആരംഭിക്കാനാണ് പദ്ധതി. 2030-ഓടെ ഓട്ടോണമസ് വാഹനങ്ങളിൽ നാലിലൊന്ന് യാത്രകൾ നടത്തുകയാണ് ലക്ഷ്യമെന്നും മത്തർ അൽ തായർ സൂചിപ്പിച്ചു. 20 മിനിറ്റ് ദൈർഘ്യമുള്ള നഗരങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ദുബായുടെ നഗര പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുമുളള അശ്രാന്ത പരിശ്രമത്തിലാണ് ലോകം. അതുകൊണ്ടുതന്നെ നഗരാസൂത്രണത്തിൽ ട്രെയിനുകൾക്കും ട്രാമുകൾക്കും ബസുകൾക്കും പ്രാധാന്യമേറെയുണ്ടെന്ന് ഉച്ചകോടിയിൽ അഭിപ്രായമുയർന്നു. ആധുനിക ഹരിത നഗര നിർമ്മാണത്തിൽ ബാഴ്‌സലോണ ഉച്ചകോടി നിർണായക തീരുമാനങ്ങളാണെടുത്തത്.