മലേറിയ നിർമാർജനത്തിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും രോഗത്തിനെതിരെ പോരാടുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.ലോക മലേറിയ ദിനമായ ഏപ്രിൽ 25 പരിപാടികളോട് അനുബന്ധിച്ചാണ് പ്രതികരണം.
രോഗസാധ്യതയുള്ള ദുർബലരായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായി ആഗോള പങ്കാളികളോടൊപ്പം പ്രവർത്തിക്കുന്നത് തുടരുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ആവശ്യമുള്ളവരെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും മലേറിയ നിർമ്മാർജ്ജന ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
റോൾ ബാക്ക് മലേറിയ സംരംഭത്തിലൂടെ മലേറിയ ചരിത്രം സൃഷ്ടിക്കുന്നതിനുള്ള പോരാട്ടത്തിലാണ് യുഎഇ. മലേറിയ നിർമ്മാർജ്ജന ശ്രമങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര കാമ്പെയ്‌നിന് ജനുവരിയിൽ യുഎഇ 5 മില്യൺ ഡോളർ നൽകിയിരുന്നു.
അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മലേറിയ രോഗബാധിരണം എണ്ണം ഉയരുകയാണ്. തീവ്ര കാലാവസ്ഥാ മാറ്റം രോഗവാഹികളായ കൊതുകുകളുടെ പ്രജനനത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു. 2021-ൽ ലോകമെമ്പാടും 247 ദശലക്ഷം കേസുകൾ ഉണ്ടായെന്നും 619,000 മരണങ്ങൾ മലേറിയ മൂലമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കൂടുതൽ പ്രതിരോധ നടപടികൾ നടപ്പേക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ്റെ പിന്തുണയോടെ 2017 ൽ പ്രസിഡൻ്റ് ആരംഭിച്ച ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളെ ചെറുക്കുന്നതിനുള്ള 10 വർഷത്തെ 100 മില്യൺ ഡോളറിൻ്റെ റീച്ചിംഗ് ദ ലാസ്റ്റ് മൈൽ സംരംഭം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രധാന പദ്ധതികൾ നടപ്പിലാക്കും.
യുഎസ് ആസ്ഥാനമായുള്ള മലേറിയ നോ മോർ നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള പ്രവചന ആരോഗ്യകരമായ ഭാവി പദ്ധതിയുടെ വിപുലീകരണത്തിന് സാമ്പത്തിക സഹായം അനുവദിക്കും. വാക്സിനുകളുടെ ഉപയോഗത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും മലേറിയ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.