യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). നേരിയ തോതിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്‌ചയിലെപോലെ മഴ തീവ്രമാകില്ലെന്നും അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എൻസിഎം വ്യക്തമാക്കി.
അതേസമയം ഖത്തറിലും ഒമാനിലും മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. ഖത്തറിൽ കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതൽ നാല് അടി വരെ ഉയരത്തിൽ തിരമാല ഉയരാനും സാധ്യതയുണ്ട്.
ഒമാനിൽ 23-ാം തീയ്യതി മുതലാണ് മഴ മുന്നറിയിപ്പുള്ളത്. ന്യൂനമർദം നിലനിൽക്കുന്നതിനാൽ വാദികൾ നിറഞ്ഞൊഴുകുന്ന തരത്തിലുള്ള മഴയാണ് ഒമാനിൽ പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഇത് നിലനിൽക്കും. വിവിധ തീവ്രതയിലുള്ള മഴയും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.