യു.എ.ഇയുടെ പരമ്പരാഗത വിഭവമായ ഹാരീസ് യുഎൻ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടി. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പാണ് (ഡിസിടി അബുദാബി) ഹാരീസ് യുഎൻ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ വിവരം അറിയിച്ചത്.
യുഎഇയിൽ കുടുംബാംഗങ്ങൾ ഒന്നിച്ചു ചേരുന്ന വിവാഹം പോലുള്ള അവസരങ്ങളിലും ദേശീയവും മതപരവുമായ അവധി ദിവസങ്ങൾ, പ്രത്യേകിച്ച് വിശുദ്ധ റമദാൻ മാസങ്ങളിൽ ഒക്കെ വിളമ്പുന്ന പരമ്പരാഗത വിഭവമായിരുന്നു ഹാരീസ്.
കഞ്ഞി പോലെയുള്ള ഒരു വിഭവമാണ് ഹരീസ്. ചെറുതായി ഉപ്പിട്ട വെള്ളത്തിൽ മണിക്കൂറുകളോളം ഗോതമ്പ് പാകം ചെയ്താണ് ഇത് തയ്യാറാക്കുന്നത്. പിന്നീട് മാംസം (ആട്/ ചിക്കൻ ) ചേർത്ത് വീണ്ടും കുറഞ്ഞത് നാല് മണിക്കൂർ വേവിക്കും. പിന്നീട് നാടൻ നെയ്യ് തൂകും. ഇങ്ങനെയാണ് രുചികരമായ ഹാരിസ് തയ്യാറാക്കിയിരുന്നത്. കസാനെ-ബോട്‌സ്വാനയിൽ നടന്ന പതിനെട്ടാം സെഷനിൽലാണ്, യുനെസ്‌കോയിലെ അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റി യുനെസ്‌കോ പ്രതിനിധി പട്ടികയിൽ ഹാരീസിനെ ചേർക്കുന്നതിന് അംഗീകാരം നൽകിയത്.