പത്ത് ലക്ഷം ആളുകള്‍ക്ക് എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയുമായി യുഎഇ. മൈക്രോസോഫ്റ്റുമായി കൈകോർത്താണ് പരിശീലനം നടത്തുന്നത്. ദൈനംദിന ജോലികള്‍ക്ക് അനുയോജ്യമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോജനപ്പെടുത്തുകയും തൊഴിൽ മേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മൈക്രോസോഫ്റ്റ് വൈസ് ചെയര്‍മാനും പ്രസിഡൻ്റുമായ ബ്രാഡ് സ്മിത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചത്. യുഎഇ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമയും ഷെയ്ഖ് ഹംദാനോടൊപ്പം യോഗത്തില്‍ പങ്കെടുത്തു.
സുസ്ഥിര വികസനം ഉറപ്പാക്കുന്ന നൂതന സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ സേവനങ്ങളും ത്വരിതപ്പെടുത്തുന്നതിനും മൈക്രോസോഫ്റ്റുമായുള്ള സഹകരണം വിപുലീകരിക്കാനും സാധ്യമായ അവസരങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഭാവിയെ രൂപപ്പെടുത്തുന്ന നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മൈക്രോസോഫ്റ്റിൻ്റെ സംഭാവനകളെ ഷെയ്ഖ് ഹംദാന്‍ അഭിനന്ദിച്ചു.
2027 ഓടെ യുഎഇയിലെ 10 ലക്ഷം ആളുകളെ നിര്‍മിത ബുദ്ധിയില്‍ വൈദഗ്ധ്യം നല്‍കി സജ്ജരാക്കുന്നതിനാണ് നീക്കം. പുതിയ ഉല്‍പ്പാദനക്ഷമത കൈവരിക്കാനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടാക്കാനും പദ്ധതി വഴിയൊരുക്കുമെന്നാണ് നിഗമനം.