ക്ലൗഡ് സീഡിംഗിനായി നൂതന വിമാനങ്ങൾ വാങ്ങാനൊരുങ്ങി യുഎഇ കാലാവസ്ഥാ ബ്യൂറോ. അബുദാബിയിലെ കാലിഡസ് എയ്‌റോസ്‌പേസുമായി തങ്ങളുടെ വിപുലമായ വിമാനം സ്വന്തമാക്കാൻ കരാർ ഒപ്പിട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൃത്രിമ മേഘങ്ങൾ വഴി മഴയുടെ അളവ് വർദ്ധിപ്പിക്കുകയും ജല സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
Wx-80 ടർബോപ്രോപ്പ് വിമാനത്തിന് വലിയ അളവിൽ ക്ലൗഡ് സീഡിംഗ് സാമഗ്രികൾ വഹിക്കാൻ കഴിയുമെന്നും അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ വിഭാഗം പറഞ്ഞു. മുമ്പ് ബീച്ച്‌ക്രാഫ്റ്റ് കിംഗ്എയർ സി90 വിമാനങ്ങളാണ് കൃത്രിമ മേഘങ്ങൾ വിതയ്ക്കാനുളള ദൗത്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്.
അതേസമയമം എൻസിഎം എത്ര വിമാനങ്ങൾ ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നോ എപ്പോൾ സർവീസ് ആരംഭിക്കുമെന്നോ പുറത്തുവിട്ടിട്ടില്ല. എന്നാൽ സീഡിംഗ് പ്രോഗ്രാമിൻ്റെ നിർ ണായക ചുവടുവയ്പ്പാണ് കരാർ എന്ന് കാലാവസ്ഥാ ബ്യൂറോ പറഞ്ഞു.ഉപ്പ് പൊലെയുളള വസ്തുക്കൾ ഉപയോഗിച്ച് ജല കണങ്ങളെ സംയോജിപ്പിച്ചാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. സങ്കീർണമയായ പ്രക്രിയയുടെ ഫലപ്രാപ്തി വിലയിരുത്തി അനുകൂല സാഹചര്യങ്ങൾ ഒരുക്കാനാണ് തീരുമാനം.
1990 കളിലാണ് യുഎഇയുടെ സീഡിംഗ് പ്രോഗ്രാം ആരംഭിച്ചത്. ന നാസയുമായും അമേരിക്കൻ നാഷണൽ സെൻ്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചുമായും സഹകരിച്ചും നിരവധി പ്രവർത്തനങ്ങൾ ഇതിനകം എൻസിഎം പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം കൃത്രിമ മഴ സൃഷ്ടിക്കാൻ ഓരോ വർഷവും നൂറുകണക്കിന് ദൗത്യങ്ങളാണ് എൻസിഎം നടത്തുന്നത്.