യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ ചെലവുകൾക്ക് നികുതി ചുമത്തുന്നത് മാറ്റിവച്ചു. ഇന്ത്യൻ സഞ്ചാരികൾ ബുക്ക് ചെയ്യുന്ന ഹോട്ടൽ മുറികൾ, വിനോദം, ഉപഭോക്തൃ സാധനങ്ങൾ വാങ്ങൽ എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നികുതിയാണ് മാറ്റി വച്ചത്. ഇന്ത്യക്കാരുടെ വാർഷിക വിദേശ ചെലവുകൾക്ക് 20 ശതമാനം നികുതി ചുമത്തുന്നത് മാറ്റിവയ്ക്കാനുള്ള ഇന്ത്യൻ ധനമന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണ് പുതിയ നടപടി. ഇതോടെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ചെലവഴിക്കുന്നത് ഈ വർഷം മുഴുവൻ സ്ഥിരമായി തുടരാം. ഇന്ത്യയുടെ ഔട്ട്ബൗണ്ട് ടൂറിസം സീസണിലെ ഏറ്റവും ഉയർന്ന സമയമായ ജൂലൈ ഒന്ന് മുതൽക്കായിരുന്നു നികുതി പിരിച്ചെടുക്കേണ്ടിയിരുന്നത്.
പുതിയ നികുതിയെക്കുറിച്ച് ബാങ്കുകളിൽ നിന്നും ഏജൻസികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. അവ ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ടെന്ന് ധന മന്ത്രാലയം പറഞ്ഞു. പുതുക്കിയ നികുതി പിരിവ് സ്രോതസ്സിൽ (ടിസിഎസ്) നടപ്പാക്കുന്നതിന് കൂടുതൽ സമയം നൽകാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിദേശ ടൂർ പാക്കേജുകളുടെ വിൽപ്പനയ്ക്കും പുതിയ നികുതി ബാധകമാകുമെന്ന് ധനമന്ത്രാലയം കൂട്ടിച്ചേർത്തു.
പാക്കേജ് ടൂറുകൾ വാങ്ങുന്നതിലൂടെ ധാരാളം ഇന്ത്യക്കാർ യുഎഇ പോലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ട്. പുതിയ നികുതി മാറ്റിവെച്ചില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ ഈ ടൂറുകൾക്ക് 20 ശതമാനം ചെലവ് കൂടാനുള്ള സാധ്യത ഉണ്ടായിരുന്നു. അതേസമയം വിദേശത്തായിരിക്കുമ്പോൾ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ വഴി ഇന്ത്യക്കാർ നടത്തുന്ന ഇടപാടുകൾ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന്റെ (എൽആർഎസ്) ഭാഗമായി കണക്കാക്കില്ലെന്നും അതിനാൽ ടിസിഎസിന് വിധേയമാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
കൂടാതെ യുഎഇ പോലുള്ള കാമ്പസുകളിൽ ഇന്ത്യൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അയയ്ക്കുന്ന പണം 700,000 രൂപയിൽ താഴെയാണെങ്കിൽ ($8,500) നികുതി ഈടാക്കില്ല. ആ പരിധിക്ക് മുകളിലാണെങ്കിൽ 0.5 ശതമാനം TCS ഇതിനകം തന്നെ ഈടാക്കിയിട്ടുമുണ്ട്. എന്നാൽ 700,000 രൂപയ്ക്ക് മുകളിലുള്ള മെഡിക്കൽ ചികിത്സയ്ക്കും ടൂർ പാക്കേജുകൾക്കുമായി വിദേശത്തേക്ക് പണമയയ്ക്കുന്നത് ഇതിനകം അഞ്ച് ശതമാനത്തിന് TCS-ന് വിധേയമാണ്. എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും വേണ്ടിയുള്ള ടിസിഎസ് വർദ്ധന ഇപ്പോൾ കോൾഡ് സ്റ്റോറേജിലാണ് എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്.