ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൻ്റെ നാലാം ഘട്ട വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ. ഏകദേശം 320,000 ഗാർഹിക ആവാസ വ്യവസ്ഥകൾക്ക് പരിസ്ഥിതി സൗഹൃദമായ ഊർജ്ജം നൽകുകയും കാർബൺ നിർമ്മാർജ്ജനം ഫലപ്രദമായി ലഘൂകരിക്കുകയും ചെയ്യുക എന്നതാണ് നാലാം ഘട്ടം പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. നിർമ്മാണം പുരോഗമിക്കുന്ന 950 മെഗാവാട്ട് പദ്ധതിയുടെ പരിശോധനയും പൂർത്തിയാക്കി.
സുസ്ഥിരമായ ഊർജ്ജം ഫലപ്രദമായി ഉൽപ്പാദിപ്പിക്കുന്ന മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതാണ് സോളാർ പാർക്കിൻ്റെ നാലാം ഘട്ടം. കോൺസെൻട്രേറ്റഡ് സോളാർ പവറും (സിഎസ്പി) ഫോട്ടോവോൾട്ടെയ്ക് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നതാണിത്.
സോളാർ ടവർ ഉൽപ്പാദിപ്പിക്കുന്ന 100 മെഗാവാട്ട്, പാരാബോളിക് ബേസിൻ കോംപ്ലക്‌സ് ഉൽപ്പാദിപ്പിക്കുന്ന 200 മെഗാവാട്ട്, ഫോട്ടോ വോൾട്ടെയ്‌ക് സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന 217 മെഗാവാട്ട് എന്നിവയുടെ പ്രാരംഭ ഘട്ടം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു.
ആഗോളതലത്തിൽ ഏറ്റവും വലിയ സോളാർ പാർക്ക് എന്ന ബഹുമതി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് നേടിയിട്ടുണ്ട്. 2030-ഓടെ പാർക്കിന്റെ ഊർജ ഉത്പാദനശേഷി 5,000 മെഗാവാട്ട് (MW) ആയി ഉയത്തുമെന്നും അതോറിറ്റി അറിയിച്ചു. 2050-ഓടെ ദുബായുടെ മുഴുവൻ ഊർജ്ജ ആവശ്യവും നിറവേറ്റുന്ന തരത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതും പ്രധാന ലക്ഷ്യമാണ്.