വരും തലമുറക്കായി നന്മയുടെ പുതിയ ലോകം സൃഷ്ടിക്കാനൊരുങ്ങി ദുബായ്. ലാഭേച്ഛയില്ലാതെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പ്രതീക്ഷാദാതാക്കളെ (ഹോപ് മേക്കേഴ്സ്) ആദരിക്കാൻ 10 ലക്ഷം ദിർഹം മാറ്റിവച്ചിരിക്കുകയാണ് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സംഘർഷങ്ങളെയും നിരാശകളെയും കുറിച്ച് സംസാരിക്കുന്നതിന് പകരം ദുബായിലെ ജനങ്ങൾ പ്രതീക്ഷയെയും നന്മയെയും കുറിച്ച് സംസാരിക്കും. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഹോപ് മേക്കേഴ്സ് ഉണ്ട്. സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പ്രശ്നങ്ങളെയും പരിഹരിക്കാൻ ശ്രമിക്കുന്ന മാനുഷിക സംരംഭങ്ങളെയും വ്യക്തികളെയും ആദരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
സാമൂഹിക പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിൽ പ്രതീക്ഷയും ആനന്ദവും നിറക്കാൻ തയ്യാറാകുന്നവരെയാണ് രാജ്യം ആദരിക്കുന്നത്. ഗൾഫ് മേഖലയിൽ മനുഷ്യത്വപരമായ മാറ്റമുണ്ടാക്കാൻ സ്വന്തം സമയവും പരിശ്രമവും വിനിയോഗിക്കുന്നവരാണ് ആദരിക്കപ്പെടുക. പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കപ്പെടും.