യുഎഇ വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെ ‘ഏറ്റവും വലിയ സൗരോർജ്ജ ലൈറ്റ് ബൾബ് ഡിസ്പ്ലേ’ സൃഷ്ടിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ വൈവിധ്യമാർന്ന ബിസിനസ്സുകളിലൊന്നായ അൽ-ഫുട്ടൈം ഗ്രൂപ്പ്. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ നോർത്ത് ഹെലിപാഡിലെ യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് ട്രീയുടെ ആകൃതിയിൽ ഈ റെക്കോർഡ് നേട്ടം വെളിച്ചം വിതറി കിടപ്പുണ്ട്. ഈ രൂപം ഉണ്ടാക്കിയെടുക്കാൻ അൽ ഫുത്തൈം എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ യൂണിവേഴ്സൽ അമേരിക്കൻ സ്കൂളിലെയും ദെയ്റ ഇൻ്റർനാഷണൽ സ്കൂളിലെയും 1000 വിദ്യാർത്ഥികൾ കൈകൊണ്ട് നിർമ്മിച്ച 3,000 സൗരോർജ്ജ വിളക്കുകളും സോളാർ ലൈറ്റ് കണ്ണടകളുമാണ് ഉപയോഗിച്ചത്.
‘അൽ-ഫുത്തൈം റിയൽ എസ്റ്റേറ്റ്, അൽ ഫുത്തൈം എജ്യുക്കേഷൻ ഫൗണ്ടേഷൻ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അവരുടെ ലോയൽറ്റി പ്രോഗ്രാമായ ബ്ലൂ റിവാർഡ് എന്നിവയുൾപ്പെടെ ഗ്രൂപ്പിൻ്റെ ഒന്നിലധികം ബിസിനസ് ഡിവിഷനുകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ. യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ് വെർ, ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറലിൻ്റെ ഫിലിപ്പീൻസ് കോൺസൽ ജനറൽ. മാർഫോർഡ് എം. ആഞ്ചലസ് എന്നിവർ പങ്കെടുത്തു.
പുനരുപയോഗിക്കാവുന്ന ഊർജ്ജത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ ലോക റെക്കോർഡിന് പിന്നിലെ ലക്ഷ്യം. ‘യുഎഇയിലെ പ്രമുഖ ബിസിനസുകളിലൊന്ന് എന്ന നിലയിൽ, ഞങ്ങളുടെ എല്ലാ വൈവിധ്യമാർന്ന ഡിവിഷനുകളിലും കമ്മ്യൂണിറ്റികളിലും സുസ്ഥിരതയുടെ സംസ്കാരം വളർത്തിയെടുക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിൽ ഇത്തരമൊരു സംരംഭം അവിഭാജ്യമാണ് എന്ന് അൽ-ഫുട്ടൈം എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ കെറി റോസ് പറഞ്ഞു.
യുനെസ്കോയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സോഷ്യൽ എൻ്റർപ്രൈസസായ ലിറ്റർ ഓഫ് ലൈറ്റുമായി സഹകരിച്ച് അൽ-ഫുത്തൈം ഗ്രൂപ്പ് ഊർജമില്ലാത്ത ഗ്രാമങ്ങളിലെ 3,000 വീടുകൾക്ക് സൗരോർജ്ജ വിളക്കുകൾ നൽകാം എന്ന മഹത്തായ മറ്റൊരു ലക്ഷ്യവുമുണ്ട് ഈ നേട്ടത്തിന് പിന്നിൽ. വൈദ്യുതി ലഭ്യതയില്ലാത്ത സമൂഹങ്ങൾക്ക് താങ്ങാനാവുന്നതും സുസ്ഥിരവുമായ ഊർജം ലഭ്യമാക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അത് മാത്രമല്ല, കൈകൊണ്ട് നിർമ്മിച്ച ഓരോ സോളാർ വിളക്കുകളും അഞ്ച് വർഷത്തേക്ക് നിലനിൽക്കുന്നതുമാണ്.