പുതിയ പദ്ധതികൾ പൂര്‍ത്തിയാകുന്നതോടെ വേഗ പരിധികൾ കീഴടക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ഇത്തിഹാദ് മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നതിനൊപ്പം റോഡ് നവീകരണവും ട്രാം വിപുലീകരണവും ഉൾപ്പെടെ മുന്നോട്ടുപോകുന്നു. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോണോമസ് കാറുകൾ 2023ലും ഇത്തിഹാദ് റെയില്‍ 2024ലിലും പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ഇത്തിഹാദ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അബുദാബിയില്‍നിന്ന് ഫുജേറ വരെ ഒന്നരമണിക്കൂറിനുളളില്‍ എത്തിച്ചേരാമെന്നതാണ് പ്രത്യേകത. ചരക്കുഗതാഗത നീക്കത്തിലടക്കം വന്‍ കുതിപ്പാണുണ്ടാവുക. മെട്രോ വിപുലീകരണവും ട്രാം വിപുലീകരണവും അനുബന്ധ പദ്ധതികളാണ്. പോതുഗതാഗത ബസ് സര്‍വ്വീസുകളെ റെയില്‍ പദ്ധതികളുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഗതാഗതവകുപ്പും വിഭാവനം ചെയ്യുന്നുണ്ട്. ഓട്ടോണോമസ് കാറുകളുടെ പ്രവര്‍ത്തനത്തിന് ഡിജിറ്റല്‍ മാപ്പിംഗും പുരോഗമിക്കുകയാണ്.
ഇതിനിടെ ശൈഖ് റാഷിദ് ബിന്‍ സയീദ് കോറിഡോര്‍ മെച്ചപ്പെടുത്തല്‍ പദ്ധതി അവസാന ഘട്ടത്തിലെത്തിയതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതോടെ ദുബായ് റാസല്‍ഖോര്‍ റോഡിലെ യാത്രാ സമയം 20 നിന്ന് 7 മിനിറ്റായി കുറയും. മണിക്കൂറില്‍ 10,000 വാഹനങ്ങൾക്ക് കടന്നുപോകാനും സൗകര്യമൊരുങ്ങും.
ശൈഖ് റാഷിദ് ബിന്‍ സയീദ് കോറിഡോര്‍
അല്‍ഐന്‍ റോഡിന്റെ കവല മുതല്‍ ദുബായ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെ എട്ട് കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി. രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പാലങ്ങളും റാസല്‍ഖോര്‍ റോഡ് ഓരോ ദിശയിലും നാല് വരെപ്പാതകളും സര്‍വ്വീസ് റോഡുകളുമാണ് പൂര്‍ത്തിയാകുന്നത്. ദുബായ് ക്രീക്ക്, മൈദാന്‍ ഹൊറൈസണ്‍, റാസല്‍ ഖോര്‍, അല്‍ വാസല്‍, തുടങ്ങിയ പ്രദേശങ്ങളിലെ ആറരലക്ഷം താമസക്കാര്‍ക്ക് നേരിട്ട് യാത്രാ സൗകര്യമൊരുങ്ങും.