യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച രാജ്യത്ത് ഉടനീളമുളള പള്ളികളിൽ മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടന്നു. രാജ്യത്തെ മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കുന്നതിന് സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്ന് യുഎഇ നേതാവ് കഴിഞ്ഞ ദിവസം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ജനങ്ങൾ പ്രാർത്ഥനക്കായി പളളികളിൽ ഒത്തുകൂടിയത്.
മഴ വൈകുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ ഉടടനീളം മഴക്കായി പ്രാർത്ഥന നടത്തുന്നത് പാരമ്പര്യ രീതിയാണ്. രാഷ്ട്രത്തിൻ്റെ തലവനാണ് പ്രാർഥനകൾ നിർവഹിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. സ്വലാത്ത് അൽ ഇസ്തിസ്‌ക എന്നാണ് മഴക്കായുളള ഈ പ്രാർത്ഥന അറിയപ്പെടുക.
യുഎഇയിൽ സാധാരണയായി പ്രതിവർഷം 150 മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ട്. എന്നാൽ വടക്കൻ എമിറേറ്റുകളിൽ വരണ്ട മരുഭൂമി കാലാവസ്ഥയാണ് അനുഭവപ്പെടാറുളളത്. യു.എ.ഇയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വിളകൾ കൃഷിചെയ്യാനും ഭൂഗർഭജല ശേഖരം ഉയർത്താനും ശ്രമിക്കുന്നതിനാൽ അധിക മഴ കാർഷിക മേഖലയ്ക്ക് നിർണായകമാണ്.
കഴിഞ്ഞ വർഷങ്ങളിൽ മഴ വർധിപ്പിക്കാൻ യുഎഇ ഗണ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1990 മുതൽ രാജ്യത്ത് മഴവർദ്ധിപ്പിക്കാൻ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം ആരംഭിച്ചിരുന്നു. 2000 മുതൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി, നാസ, യുഎസിലെ നാഷണൽ സെൻ്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച് തുടങ്ങിയ ആഗോള ഏജൻസികളുമായി ചേർന്ന് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം കൂടുതൽ വികസിപ്പിച്ചിട്ടുണ്ട്.