ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക് തിരിക്കും. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. കസാനിൽ 22, 23, 24 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ റഷ്യൻ പ്രസിഡന്റുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച ചെയ്യും.