യുഎഇയുടെ നിക്ഷേപ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അബുദാബിയിലെ ഖസർ അൽ ഷാതിയിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽസുവൈദിയെ അഭിനന്ദിക്കുകയും യുഎഇയുടെ സമഗ്ര വികസന തന്ത്രത്തിനുള്ളിൽ നിക്ഷേപം മുൻഗണനാ മേഖലയാണെന്ന് ചൂണ്ടിക്കാണിക്കുകയും എല്ലാ വിജയങ്ങളും നേരുകയും ചെയ്തു.
രാജ്യം നിക്ഷേപ മന്ത്രാലയം സ്ഥാപിക്കുന്ന സാഹചര്യത്തിലാണ് അൽസുവൈദിയുടെ നിയമനം. യുഎഇയെ നിക്ഷേപത്തിനുള്ള ആകർഷക കേന്ദ്രമാക്കി മാറ്റുന്ന അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക നില വർധിപ്പിക്കുകയാണ് പുതിയ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി ആവർത്തിച്ചു. ഇത് വരും വർഷങ്ങളിൽ യുഎഇയുടെ സുസ്ഥിര വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.