ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എ.ഇ.യിലെത്തി. അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഖസർ അൽ വതാനിൽ ഇരുവരും സൗഹൃദസംഭാഷണം നടത്തി. സ്വീകരണച്ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഓണററി പ്രതിനിധി സംഘത്തിൻ്റെ തലവൻ, അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉണ്ടായിരുന്നു.
ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകമായ ഒട്ടേറെ കരാറുകളിൽ ധാരണയായി. ‘ഒമാൻ സുൽത്താന്റെ സന്ദർശനം രാജ്യത്തിന് ശക്തി പകർന്നു. രണ്ട് ജനതയ്ക്കും വളർച്ച കൈവരിക്കാനുള്ള ആത്മവിശ്വാസമേകി. ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധി വളർത്തുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം’’- ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
നിക്ഷേപം, സുസ്ഥിരത, റെയിൽവേ, നൂതനസാങ്കേതിക വിദ്യ, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം തുടങ്ങി ഒട്ടേറെ മേഖലകൾ ശക്തിപ്പെടുത്തും. വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു.