റമദാൻ മാസത്തിൻ്റെ തുടക്കത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കും പൌരൻമാർക്കും ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.ഖാസർ അൽ ബത്തീൻ കൊട്ടാരത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ നന്മയും പുരോഗതിയും സുരക്ഷിതത്വവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ വിരുന്നിൽ സന്നിഹിതരായിരുന്നു. സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. ശൈഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പങ്കെടുത്തു.
പതിവ് റമദാൻ പരിപാടികളുടെ ഭാഗമായാണ് ഇഫ്താർ വിരുന്നൊരുക്കിയത്. മന്ത്രിമാരർക്കും ഉദ്യോഗസ്ഥ മേധാവികൾക്കും പുറമെ അഭ്യുദയകാംക്ഷികളേയും വിരുന്നിൽ ക്ഷണിച്ചിരുന്നു.