ഫുട്ബോൾ മത്സരത്തിനിടെ നടന്ന അക്രമസംഭവത്തിൽ പ്രതികൾക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈജിപ്തിലെ സമലാക്, പിരമിഡ്സ് ക്ലബുകൾ തമ്മിൽ അബുദാബിയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ നടന്ന അക്രമസംഭവത്തിലെ പ്രതികൾക്കാണ് മാപ്പ് നൽകാൻ ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചത്.
യുഎഇയും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധം കണക്കിലെടുത്താണ് തീരുമാനം. ഇരു രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും ഒന്നിപ്പിക്കുന്ന സാഹോദര്യത്തിൻ്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.
ഒക്ടോബർ 20നായിരുന്നു സംഭവം. പിരമിഡ്സ് ക്ലബിനെതിരായ ഈജിപ്ഷ്യൻ സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കളിക്കാർ അക്രമിച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് എല്ലാവരേയും ഒരു മാസം തടവിനും 2 ലക്ഷം ദിർഹം വീതം പിഴ അടയ്ക്കുന്നതിനും കോടതി വിധിക്കുകയും ചെയ്തിരുന്നു.