പലസ്തീനികൾക്കാവശ്യമായ മെഡിക്കൽ സഹായം എത്തിക്കുന്നതിനായി ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു . ‘ഗാലന്റ് നൈറ്റ് 3’ മാനുഷിക പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ സംരംഭം. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അഞ്ച് വിമാനങ്ങൾ ഫീൽഡ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും എത്തിച്ചു.
150 കിടക്കകളുള്ള ഫീൽഡ് ആശുപത്രി ഒന്നിലധികം ഘട്ടങ്ങളിലായാണ് സ്ഥാപിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും അനസ്‌തേഷ്യ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവയ്‌ക്ക് പുറമെ ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ വകുപ്പുകളും ഇതിൽ ഉൾപ്പെടും.
ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവയ്ക്കുള്ള ക്ലിനിക്കുകളും ഈ സൗകര്യത്തിലുണ്ടാകും. അനുബന്ധ സേവനങ്ങളിൽ സിടി ഇമേജിംഗ്, ലബോറട്ടറി, ഫാർമസി, മറ്റ് മെഡിക്കൽ സപ്പോർട്ട് ഫംഗ്‌ഷനുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.പലസ്തീൻ ജനതയ്ക്ക് 20 മില്യൺ ഡോളറിന്റെ അടിയന്തര സഹായവും ഗാസ മുനമ്പിൽ നിന്ന് ഏകദേശം 1,000 പലസ്തീൻ കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം യുഎഇ ആശുപത്രികളിൽ വൈദ്യചികിത്സയ്ക്കായി കൊണ്ടുവരുന്നതിനുള്ള ഒരു സംരംഭവും യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു.