ശ്രദ്ധേയമായ വ്യക്തിത്വങ്ങൾക്ക് അബുദാബി അവാർഡ് നൽകി ആദരിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ . അബുദാബിയിലെ ഖാസർ അൽ ഹുസ്നിൽ നടന്ന ചടങ്ങിലാണ് എട്ട് പേർക്ക് അബുദാബി അവാർഡ് നൽകിയത്. യുഎഇയിലുടനീളമുള്ള കമ്മ്യൂണിറ്റികൾക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക് പരിഗണിച്ചാണ് ഇവർ അവാർഡിന് അർഹരായത്.
വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, കമ്മ്യൂണിറ്റി അവബോധം, ഭിന്നശേഷിക്കാരുടെ ശാക്തീകരണം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ യുഎഇക്ക് ഗുണകരമായ സംഭാവനകൾ നൽകിയ വ്യക്തികളെയാണ് അബുദാബി അവാർഡിൻ്റെ പതിനൊന്നാമത് എഡിഷൻ ആദരിച്ചത്. അവാർഡ് ലഭിച്ചവരെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദനങ്ങൾ അറിയിച്ചു.
“അബുദാബി അവാർഡ് സ്വീകർത്താക്കൾ യഥാർത്ഥത്തിൽ ദാനം, അനുകമ്പ, പരോപകാരം എന്നിവയുടെ കാലാതീതമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും, അവരുടെ പ്രവർത്തനങ്ങളിലൂടെ യുഎഇ സമൂഹത്തെ വിവിധ രീതികളിൽ ക്രിയാത്മകമായി സ്വാധീനിച്ചുവെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ചടങ്ങിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.