അമേരിക്കയുടെ 47-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ട്രംപിന് അഭിനന്ദനമറിയിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ആശംസ.
“അമേരിക്കൻ ഐക്യനാടുകളുടെ 47-ാമത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട @realDonaldTrump-നും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട @JDVance-നും ഞാൻ എൻ്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്ത്രപരമായ ഉഭയകക്ഷി സഹകരണം കെട്ടിപ്പടുക്കുന്നതിൽ, പുരോഗതിക്കായുള്ള ഞങ്ങളുടെ ശാശ്വത പങ്കാളിത്തത്താൽ യുഎഇയും യുഎസും ഒന്നിക്കുന്നു. ഭാവിയിലേയ്ക്കായി യുഎസിലെ ഞങ്ങളുടെ പങ്കാളികളുമായി തുടർന്നും പ്രവർത്തിക്കാൻ സാധിക്കുമെന്ന് യുഎഇ പ്രതീക്ഷിക്കുന്നു” എന്നാണ് ഷെയ്ഖ് മുഹമ്മദ് കുറിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ട്രംപിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 2004-ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഇലക്ടറൽ കോളേജിന് പുറമേ പോപ്പുലർ വോട്ടും നേടി പ്രസിഡന്റാവുന്നത്.