യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ ഇന്ന് രാജ്യത്തെ പള്ളികൾക്ക് നിർദ്ദേശം നൽകിയത്.
അറബിയിൽ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർത്ഥന ഡിസംബർ 7ന് (ശനിയാഴ്ച) രാവിലെ 11 മണിക്കാണ് നടക്കുക. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ സുന്നത്ത് (പാരമ്പര്യങ്ങൾ) അനുസരിച്ച് രാജ്യത്തെ മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കുന്നതിന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്ന് യുഎഇ പ്രസിഡന്റ് എല്ലാവരോടും ആഹ്വാനം ചെയ്തു.
2022-ലാണ് യുഎഇയിലുടനീളം മഴ പെയ്യുന്നതിനായി ഷെയ്ഖ് മുഹമ്മദ് അവസാനമായി പ്രാർത്ഥനകൾ നടത്താൻ നിർദേശിച്ചത്. അതിന് മുമ്പ് മുമ്പ് 2021, 2020, 2017, 2014, 2011, 2010 എന്നീ വർഷങ്ങളിൽ നവംബർ മുതൽ ഡിസംബർ വരെ മഴയ്ക്കായി പ്രാർത്ഥനകൾ നടത്തിയിരുന്നു.