ഇസ്രായേൽ പാലസതീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ.
പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തി ന്യായവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് സജീവമായി പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ പ്രാദേശികവും അന്തർദേശീയവുമായി ഇടപെടൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടികാട്ടി. ജിസിസി രാജ്യങ്ങളിൽ ആന്റണി ബ്ലിങ്കൺ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങളെയും പിൻതുണക്കുന്നതായി ആന്റണി ബ്ലിങ്കനുമായുളള ചർച്ചയിൽ ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ഗാസ മുനമ്പിൽ ഭക്ഷണവും വെള്ളവും, ചികിൽസയും ഉൾപ്പെടെയുളള മാനുഷിക സഹായങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാട്ടി.