ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് വെർച്വൽ ഉച്ചകോടിയിൽ നേതാക്കൾ പങ്കെടുത്തത്. കഴിഞ്ഞ സെപ്തംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലെ ലക്ഷ്യങ്ങൾ സംബന്ധിച്ച പുരോഗതി വിലയിരുത്താനായിരുന്നു യോഗം.
2030-ഓടെ ആഗോള പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കുക, വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ കാലാവസ്ഥാ ധനസഹായം എത്തിക്കുക, ആഗോള ജൈവ ഇന്ധന സഖ്യം രൂപീകരിക്കുക തുടങ്ങിയ ശുപാർശകൾ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മുന്നോട്ടുവച്ചു. യുഎഇയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിൽ (കോപ്28) കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭീഷണി, പാരീസ് ഉടമ്പടിയുടെ പ്രതിബദ്ധത തുടങ്ങിയവ സംബന്ധിച്ച നീക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആഗോള വികസനം എന്നീ പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും അന്താരാഷ്ട്ര തലത്തിൽ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. ഗാസയിലെ സാധാരണക്കാർക്ക് സംരക്ഷണം നൽകാനും സുരക്ഷിതത്വം ഉറപ്പാക്കാനുമുളള നീക്കങ്ങൾ വേണമെന്നും മേഖലയിലെ സമാധാനം, സുസ്ഥിരത, വികസനം, സഹവർത്തിത്വം എന്നിവയ്ക്കായി പ്രവർത്തിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിനും ജി20 ഉച്ചകോടിക്കും ഉത്തരവാദിത്തമുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.