ഇറ്റാലിയുടെ തലസ്ഥാനമായ റോമിൽ നടന്ന വികസനവും കുടിയേറ്റവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുടിയേറ്റവും അതിന്റെ മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രത്തലവന്മാർ, സർക്കാർ മന്ത്രിമാർ, പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
കുടിയേറ്റക്കാരുടെ അനധികൃത പ്രവാഹങ്ങൾ മെഡിറ്ററേനിയൻ കടലിനു കുറുകെയുള്ള എല്ലാ രാജ്യങ്ങൾക്കും നാശം വരുത്തുന്നുവെന്നും മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് രാഷ്ട്രങ്ങളുടെ വിശാല സഖ്യം രൂപീകരിക്കണമെന്നും മെലോനി പറഞ്ഞു. ക്രമരഹിതമായ കുടിയേറ്റം നേരിടുന്ന രാജ്യങ്ങളിലെ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി യുഎഇ 100 മില്യൺ ഡോളർ സംഭാവന നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു.