യുഎഇയിലെ പ്രവാസികൾക്ക് ഇതാ ഒരു ആശ്വാസ വാർത്ത. ഉള്ളിവില കുറയും. 10,000 ടൺ ഉള്ളി കൂടുതൽ കയറ്റുമതി ചെയ്യാനായി ഇന്ത്യ അനുമതി നൽകി. ഇതോടെ വരും ദിവസങ്ങളിൽ യു.എ.ഇ. യിൽ ഉള്ളിവില കുറയും. അങ്ങനെയെങ്കിൽ പെരുന്നാൾ ദിവസങ്ങളിൽ ഉള്ളി വില കുറയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം കയറ്റുമതി ചെയ്ത 14,400 ടണ്ണിന് പുറമെയാണ് കൂടുതൽ കയറ്റുമതിക്ക് അനുമതി നൽകിയിരിക്കുന്നത്.
ഉള്ളി ഇറക്കുമതി കുറഞ്ഞതോടെ യു.എ.ഇ. യിൽ ഉള്ളി വില കിലോക്ക് ഏഴ് ദിർഹത്തിലെത്തിയിരുന്നു. സാധാരണ വില രണ്ട് ദിർഹം മുതൽ മൂന്ന് ദിർഹം വരെയാണ്.
കയറ്റുമതി ചെയ്യാനുള്ള ഔദ്യോഗിക പ്രഖ്യാപനം നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡ് വഴി വരുമെന്ന് ഇന്ത്യയിലെ വാണിജ്യ വ്യാപാരമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് അധികൃതർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഉള്ളി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭ്യന്തര വിപണിയിലെ വർധന കാരണം കയറ്റുമതി താൽക്കാലികമായി നിരോധിച്ചിരിക്കുകയായിരുന്നു. …