ക്യുആർ കോഡുകൾ സ്കാൻ ചെയ്ത് ടാക്സികൾ ബുക്ക് ചെയ്യാവുന്ന പുതിയ സംവിധാനവുമായി യുഎഇ റാസൽഖൈമ എമിറേറ്റിലെ ഗതാഗത അതോറിറ്റി. ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിലും സുരക്ഷിതവും മികച്ചതുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിൻ്റേയും ഭാഗമായാണ് സ്മാർട്ട് പദ്ധതി നടപ്പാക്കിയത്.
ടാക്‌സി സേവനങ്ങൾ അഭ്യർത്ഥിക്കുന്നതിനും ഉപഭോക്താവിൻ്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനും ക്യൂആർ കോഡ് ബുക്കിംഗ് സംവിധാനത്തിന് കഴിയുമെന്ന് കൺട്രോൾ ആൻഡ് ഓപ്പറേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് ഹാഷിം ഇസ്മായേൽ വിശദീകരിച്ചു.
സേവനം ലഭ്യമാകാൻ ഉപഭോക്താവ് മൊബൈൽ ഫോണിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് വ്യക്തിഗത വിവരങ്ങൾ നൽകണം. സിസ്റ്റം ഉടനടി ഉപഭോക്താവിൻ്റെ സ്ഥാനം സ്വയം നിർണ്ണയിക്കുകയും സമീപ പ്രദേശങ്ങളിൽ ലഭ്യമായ ടാക്സികളിലേക്ക് അഭ്യർത്ഥനകൾ അയയ്ക്കുകയും ചെയ്യും.
അഭ്യർത്ഥന സ്വീകരിക്കുന്ന സ്മാർട്ട് മീറ്ററുകൾ ടാക്സികളിൽ സ്ഥാപിച്ചിട്ടുണ്ട്. തുടർന്ന് ടാക്സിയിൽ നിന്ന് മറുപടി ലഭ്യമാകുന്നതാണ് പ്രവർത്തന രീതി. നേരത്തെ എമിറേറ്റിലുടനീളമുള്ള ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പ്രി-ഓർഡർ സേവനം ലഭ്യമാക്കിയിരുന്നു.