ഡിസംബർ 2ന് 52-ാമത് ദേശീയ ദിനം ആഘോഷത്തിൻ്റെ നിറവിലേക്കെത്തുകയാണ് യുഎഇ. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് യുഎഇ എന്ന ഒറ്റ രാജ്യമായി മാറിയത്. ഈ ദിവസമാണ് യുഎഇ ദേശീയ ദിനമായി ആഘോഷിക്കുന്നത്. 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നതോടെ യുഎഇയ്ക്ക് സപ്ത എമിറേറ്റിന്റെ തിളക്കവും ശക്തിയും കൈവന്നു. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽ സ്റ്റേറ്റ്സുകൾ യുഎഇ എന്ന സ്വതന്ത്ര രാജ്യ പദവിയിലേക്ക് ഉയരുകയായിരുന്നു.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിൽ ദുബായിലെ അൽദിയാഫ പാലസിൽ (യൂണിയൻ ഹൗസ്) ആയിരുന്നു ആ ചരിത്ര പ്രഖ്യാപനം നടന്നത്. രാഷ്ട്ര നിർമാണത്തിൽ അതുല്യ സംഭാവന നൽകിയ ഷെയ്ഖ് റാഷിദ് ആദ്യ പ്രധാനമന്ത്രിയുമായി. മരുഭൂമിയിൽ നിന്ന് യുഎഇയുടെ സ്വപ്നങ്ങൾ വാനോളം ഉയർന്ന് ഇന്ന് ബഹിരാകാശ ദൗത്യം വരെ എത്തി നിൽക്കുന്നു.
വളരെ കുറഞ്ഞ നാളുകൾകൊണ്ട് യുഎഇ സ്വായത്തമാക്കിയ വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചദാർഢ്യത്തിന്റെയും കഥകളാണ് പറയാനുള്ളത്. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാമതാണ് യുഎഇ. സുരക്ഷ, സ്ത്രീ–പുരുഷ സമത്വം, ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യ അന്തരീക്ഷം, സ്ത്രീ സുരക്ഷ, ശിശു – ഭിന്നശേഷി സൗഹൃദ രാജ്യം തുടങ്ങിയവ പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായി യുഎഇയെ മാറ്റിയെടുത്തു. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാമൂഹിക, വികസന രംഗങ്ങിൽ മുന്നേറുകയാണ് യുഎഇ.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബുർജ് ഖലീഫ, ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ദുബായ് മെട്രോ, മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങി നേട്ടങ്ങളുടെ പട്ടികയ്ക്ക് നീളമേറെ. ഇന്ത്യക്കാർ ഉൾപ്പെടെ 192 രാജ്യക്കാർ യുഎഇയിൽ സമാധാനത്തോടെ ജീവിക്കുന്നത് ഈ രാജ്യത്തെ സുരക്ഷയും ഭരണാധികാരികളുടെ കഴിവും മേന്മയും വെളിവാക്കുന്നതാണ്.