വേനൽക്കാലമായതോടെ യുഎഇയിൽ മാമ്പഴവിപണി സജീവമായി. ജനപ്രിയ മാമ്പഴങ്ങളൾ കുറഞ്ഞ വിലയിലാണ് ഷാർജയിലേയും ദുബായിലേയും വിപണിയിലെത്തുന്നത്. ഇന്ത്യ, പാകിസ്ഥാൻ, യെമൻ രാജ്യങ്ങളിലെ മാമ്പഴങ്ങൾക്കാണ് വിപണിയിൽ ഡിമാൻ്റ് ഏറെ. പെറു, ബ്രസീൽ, കെനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇനങ്ങളും സുലഭമാണ്.
അതേസമയം ജപ്പാനിൽ നിന്നുള്ള മിയാസാക്കി മാമ്പഴം ശ്രദ്ധേയമാവുകയാണ്. 800 ഗ്രാം ഭാരമുള്ള രണ്ട് മിയാസാക്കി മാമ്പഴങ്ങൾക്ക് 620 ദിർഹം വിലയുണ്ട്. തിളങ്ങുന്ന സ്വർണ്ണനിറം കാരണം തായോ നോ തമാഗോ അല്ലെങ്കിൽ “സൂര്യൻ്റെ മുട്ട” എന്നാണ് ഈ മാമ്പഴത്തിൻ്റെ അപരനാമം. വളരെ സുഗന്ധവും വേറിട്ട രുചിയുമാണ് ഈ മാമ്പഴത്തിൻ്റെ പ്രത്യേകത. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടേയും നിരവധി ആളുകൾ മിയാസാക്കി ഓർഡർ ചെയ്യുന്നുണ്ട്.
അതേസമയം അൽഫോൻസോ, സിന്ധ്രി, ബദാമി, മൽഗോവ തുടങ്ങി മാമ്പഴപ്രേമികളുടെ സ്ഥിരം രുചികൾക്കും ആവശ്യക്കാരേറെ. പ്രതിദിനം 100 മുതൽ 300 പെട്ടി മാങ്ങകൾ വരെ വിൽക്കുന്ന കടകളുണ്ട്. ഒരു കിലോഗ്രാം അൽഫോൻസ മാമ്പഴത്തിന് സൂപ്പർ മാർക്കറ്റുകളിൽ ഏകദേശം 20 ദിർഹംവരെയാണ് വില. അതേസമയം അൽ അവീർ മാർക്കറ്റിൽ അൽഫോൻസോ മാമ്പഴം കിലോഗ്രാമിന് 7 ദിർഹം മുതൽ ലഭ്യമാണ്. എന്നാൽ ഈ വിലയ്ക്ക് കുറഞ്ഞത് അഞ്ച് കിലോഗ്രാം ബോക്സ് വാങ്ങേണ്ടതുണ്ട്.
പാകിസ്ഥാൻ മാമ്പഴങ്ങൾക്ക് താരതമ്യേന വിലകുറവാണ് അനുഭവപ്പെടുന്നത്. സിന്ധ്രി മാമ്പഴങ്ങൾ 5 മുതൽ 6 കിലോഗ്രാം വരെ ഭാരമുള്ള ഒരു ബോക്‌സിന് 20 ദിർഹം നിരക്കിൽ ലഭ്യമാണ്. പാകിസ്ഥാനിൽ നിന്നുള്ള അൻവർ റത്തോൾ മാമ്പഴം 5 കിലോഗ്രാമിന് 35 ദിർഹം നിരക്കിലും ലഭ്യമാണ്. ഇന്ത്യൻ ഇനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 ശതമാനം വരെ വിലക്കുറവുണ്ടെന്നും കച്ചവടക്കാർ പറയുന്നു.