യു.എ.ഇ.യുടെ ചരിത്രം രേഖപ്പെടുത്തിയ പ്രമുഖ ചരിത്രകാരൻ പീറ്റർ ഹെല്ലിയർ (75) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെ ക്ലീവ്ലാൻഡ് ഹോസ്പിറ്റലിൽ വച്ചാണ് ചരിത്രകാരൻ അന്തരിച്ചതെന്ന് യുഎഇ യൂണിവേഴ്സിറ്റി ചാൻസലർ സാക്കി നുസൈബെഹ് സ്ഥിരീകരിച്ചു.
1975-ൽ ഡോക്യുമെന്ററി ഫിലിം മേക്കറായാണ് ഹെല്ലിയർ ആദ്യമായി യുഎഇയിലെത്തിയത്. പബ്ലിക് കമ്മ്യൂണിക്കേഷൻസ് വകുപ്പുകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. എമിറേറ്റ്സ് ന്യൂസ് ദിനപത്രത്തിൻ്റെ മാനേജിംഗ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.
നിരവധിപ്പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. യുഎഇ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഹെല്ലിയർ നൽകിയ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ചു. യുഎഇയുടെ പാരിസ്ഥിതിക, പുരാവസ്തു പൈതൃകത്തിനായി 50 വർഷത്തിലധികം സമർപ്പിച്ച മഹാനായ ചരിത്രകാരൻ പീറ്റർ ഹെല്ലിയറെന്ന് സാംസ്കാരിക യുവജന മന്ത്രി സലേം ബിൻ ഖാലിദ് അൽ ഖാസിമി അനുശോചനം രേഖപ്പെടുത്തി.
യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂലും ഹെലിയറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.സർ ബാനി യാസ് ദ്വീപിലെ 1,400 വർഷം പഴക്കമുള്ള ശ്രമത്തിൻ്റെ ഖനനത്തിൽ ഹെല്ലിയർ പങ്കാളിയായിരുന്നു. എമിറേറ്റ്സ് നാച്ചുറൽ ഹിസ്റ്ററി ഗ്രൂപ്പിൻ്റെ മുൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
യുഎഇയുടെ പൈതൃകം, ചരിത്രം, വന്യജീവി എന്നിവയെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുളള ഹെല്ലിയറിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.