സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനമായ ദീപാവലി ആഘോഷിക്കുകയാണിന്ന്. ഈ ദിനത്തിൽ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയാണ് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ് ആശംസകൾ അറിയിച്ചത്.
സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു നേതാക്കൾ ആശംസ അറിയിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ മൂന്ന് ഭാഷകളിൽ ട്വീറ്റ് ചെയ്താണ് യുഎഇ പ്രസിഡൻ്റ് ആശംസ നേർന്നത്. ‘യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആത്മാർത്ഥമായ ആശംസകൾ. വരുന്ന വർഷം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും ആരോഗ്യവും സന്തോഷവും നൽകട്ടെ’ എന്നാണ് അദ്ദേഹം ആശംസിച്ചത്.
‘യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഊഷ്മളമായ ആശംസകൾ. വെളിച്ചത്തിൻ്റെ ഉത്സവം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സന്തോഷവും സമാധാനവും സുരക്ഷിതത്വവും നൽകട്ടെ. നിങ്ങളുടെ ഹൃദയങ്ങളിലെ വെളിച്ചം നിങ്ങളെ ഐക്യത്തിലേക്കും അനുകമ്പയിലേക്കും നയിക്കട്ടെ’ എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുറിച്ചത്.