ദേശീയ ഓർക്കസ്ട്ര ടീം ആരംഭിച്ച് യുഎഇ. ‘നാഷണൽ ഓർക്കസ്ട്ര ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലാണ് ഓർക്കസ്ട്ര ആരംഭിച്ചത്. വിവിധ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിലാണ് യുഎഇ ദേശീയ ഓർക്കസ്ട്ര സ്ഥാപിച്ചത്. ഓർക്കസ്ട്രയിലേയ്ക്ക് സംഗീതജ്ഞർക്കും ഗായകർക്കും അവസരവും നൽകിയിട്ടുണ്ട്. ഓഡിഷനുകൾ നടത്തിയാണ് ടീമിലേയ്ക്ക് സംഗീതജ്ഞർക്ക് പ്രവേശനം നൽകുക.
18 വയസും അതിനുമുകളിലും പ്രായമുള്ളവർക്കാണ് ഓർക്കസ്ട്ര ടീമിലേയ്ക്ക് അവസരം ലഭിക്കുക. കലാപരമായ പശ്ചാത്തലവും സംഗീതത്തിൽ പ്രാവീണ്യവുമുള്ള എത് രാജ്യക്കാർക്കും ഓഡിഷനിൽ പങ്കെടുക്കാനും സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാർക്ക് മത്സരാധിഷ്ഠിത പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.
ഓഡിഷനുകൾക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള സംഗീതജ്ഞർക്കും കലാകാരന്മാർക്കും www.uaenationalorchestra.ae എന്ന വെബ്‌സൈറ്റ് സന്ദർശിച്ച ശേഷം അവരുടെ സംഗീത കഴിവുകൾ പ്രകടിപ്പിക്കുന്ന റെക്കോർഡ് ചെയ്‌ത വീഡിയോ ഉൾപ്പെടെ അപേക്ഷാ ഫോം സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 26 ആണ്.