ആയിരക്കണക്കിന് പ്രവാസികളെ ആകർഷിക്കുന്ന യുഎഇ തൊഴിൽ വിപണിയിലെ നിയമങ്ങളും നിയന്ത്രണങ്ങളും അറിയാം. തൊഴിലുടമകൾക്കും ജീവനക്കാർക്കും സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കുന്ന നിയമങ്ങളാണ് യുഎഇയിൽ നിലവിലുള്ളത്. പരസ്പരം അംഗീകരിക്കുന്ന കരാറുകളിലൂടെയാണ് അവകാശസംരക്ഷണം ഉറപ്പാക്കുന്നത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം കരാർ അംഗീകരിക്കുകയും വേണം.
തൊഴിൽ കരാറിൽ വ്യക്തമാക്കിയ കാലയളവ് അവസാനിച്ചതിന് ശേഷമുള്ള മാസത്തിലെ ആദ്യ ദിവസമാണ് ജീവനക്കാരൻ്റെ വേതനം നൽകേണ്ടത്. തൊഴിൽ കരാറിൽ ഈ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നിശ്ചിത തീയതി കഴിഞ്ഞ് ആദ്യത്തെ 15 ദിവസത്തിനുള്ളിൽ ശമ്പളം നൽകണമെന്നാണ് തൊഴിൽ മന്ത്രാലയത്തിൻ്റെ വൃവസ്ഥ. യു.എ.ഇ ഗവൺമെൻ്റിൻ്റെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) പ്രകാരമാണ് ജീവനക്കാർക്ക് വേതനം നൽകേണ്ടതെന്നും വ്യവസ്ഥയുണ്ട്.
നിശ്ചിത തീയതികളിൽ വേതനം നൽകാത്ത കമ്പനികൾക്ക് സർക്കാർ പിഴ ചുമത്തിയിട്ടുണ്ട്. തൊഴിൽ കരാറിൽ ഇരു കക്ഷികളും തമ്മിൽ ധാരണയുണ്ടെങ്കിൽ പേയ്‌മെൻ്റ് എമിറാത്തി ദിർഹത്തിലോ മറ്റേതെങ്കിലും കറൻസിയിലോ ആകാം. അതേസമയം യുഎഇ തൊഴിൽ നിയമത്തിൽ മിനിമം ശമ്പളം നിശ്ചയിച്ചിട്ടില്ലെങ്കിലും ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതാകണം ശമ്പളമെന്നാണ് നിബന്ധന.
ആറ് തരത്തിലുള്ള അംഗീകൃത വേതനരീതികളാണ് യുഎഇയിലുളളത്.
പ്രതിമാസ വേതനം: തൊഴിലാളികൾക്ക് അവരുടെ അടിസ്ഥാന ശമ്പളം, ബോണസ്, അലവൻസുകൾ എന്നിവ ഉൾപ്പെടെ തൊഴിൽ കരാർ പ്രകാരമുളള വേതനം പ്രതിമാസം ലഭിക്കുന്നു.
പ്രതിവാര വേതനം: ജോലിയനുസരിച്ച് തൊഴിലാളികൾക്ക് അവരുടെ വേതനം പ്രതിവാര വൃവസ്ഥിൽ ലഭ്യമാകുന്നു. തെഴിലാളികൾക്കും കമ്പനിൾക്കും ഇണക്കമുള്ള വേതനരീതി എന്ന നിലയിലാണിത്.
പ്രതിദിന വേതനം: ഒരു കമ്പനി തൊഴിലാളികൾക്ക് ഒരു ദിവസത്തെ ജോലിക്ക് നൽകുന്ന തുകയാണിത്. താൽക്കാലികമോ സീസണലോ ആയ ജോലികളിലാണ് സാധാരണയായി ഈ രീതി ബാധമമാകുന്നത്.
മണിക്കൂർ വേതനം: ജോലിയിലെ വൈദഗ്ധ്യം, കഴിവുകൾ, ജോലിയുടെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ മണിക്കൂറിന് നിരക്ക് നിശ്ചയിച്ച് വേതനം കൈപ്പറ്റുന്ന രീതിയാണിത്.
കമ്മീഷൻ അധിഷ്‌ഠിത വേതനം: സേവന വ്യവസായങ്ങളിലും കച്ചവട രീതികളിലും പൊതുവായുള്ള ഒരു വേതന സംവിധാനമാണിത്. വിറ്റഴിച്ച സാധനങ്ങളുടെയോ സേവനങ്ങളുടെയോ മൂല്യത്തിൻ്റെ നിശ്ചിത ശതമാനം തൊഴിലാളിക്ക് ലഭ്യമാക്കുന്നതാണ് രീതി.
പീസ്-റേറ്റ് വേതനം: പൂർത്തിയാക്കിയ ജോലിയുടെ അളവ് അല്ലെങ്കിൽ ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ അനുസരിച്ച് തൊഴിലാളിയുടെ വേതനം നിർണ്ണയിക്കുന്ന രീതി.