യുഎഇയിൽ വ്യത്യസ്ത തീവ്രതയുള്ള മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എമിറേറ്റ്‌സിൽ 28 ദിവസം തുടർച്ചയായി മഴ ലഭിച്ചതിന് പിന്നാലെയാണ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. നവംബർ 15 ബുധനാഴ്ച യുഎഇ യിലെ അന്തരീക്ഷം മേഘാവൃതമായിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്ക്, വടക്ക്, തീരപ്രദേശങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാവും. ശനിയാഴ്ച കാലാവസ്ഥയ്ക്ക് ശമനമുണ്ടാകും.
തിങ്കളാഴ്ചയാണ് രാജ്യത്ത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അൽ ഐനിലെ റക്നയിൽ മെർക്കുറി 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് അനുഭവപ്പെട്ടത്. ദുബായിലെ അൽ മർമൂം, ലഹ്ബാബ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് ആണ്.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച് വ്യാഴാഴ്ച താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 14 മുതൽ നവംബർ 10 വരെ യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. താഴ്‌വരകളും തെരുവുകളും വെള്ളത്തിനടിയിലാവുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകദേശം ഒരു മാസത്തോളം മഴ പെയ്തതിനാൽ മലനിരകളിൽ നിന്ന് വെള്ളച്ചാട്ടങ്ങൾ ഒഴുകിയെത്തുകയും ചെയ്തിരുന്നു.