ഇന്ത്യക്കും യുഎഇയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന വിമാനയാത്രാ ഡിമാൻഡും വിമാന നിരക്കും കണക്കിലെടുത്ത് ഫ്ളൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കമെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഡിഐഎഫ്‌സിയിൽ നടന്ന യുഎഇ-ഇന്ത്യ ഫൗണ്ടേഴ്‌സ് റിട്രീറ്റിലാണ് ആവശ്യം ഉയർന്നത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാനും കൂടുതൽ ടയർ 2 ഇന്ത്യൻ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കാനുമുള്ള ആശയമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസ്സ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ഗതാഗത ലിങ്കുകളിലൂടെ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും ഇന്ത്യയിലെ വിവിധ മേഖലകളിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ പ്രാധാന്യവും അംബാസഡർ എടുത്തുപറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ 60-ലധികം ഇന്ത്യൻ സ്ഥാപകർ, യുഎഇ ബിസിനസ്സ് നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഡൽഹിയിലെ യുഎഇ എംബസിയും യുഎഇ-ഇന്ത്യ സിഇപിഎ കൗൺസിലും (യുഐസിസി) സഹകരിച്ചാണ ത്രിദിന റിട്രീറ്റ് സംഘടിപ്പിച്ചത്.
ഡിഐഎഫ്‌സി ഗവർണർ എസ്സ കാസിം, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിലെ സാമ്പത്തിക വികസന സിഇഒ ഹാദി ബദ്‌രി, നൂൺ സിഇഒ ഫറാസ് ഖാലിദ് എന്നിവരും പങ്കെടുത്തു.